ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മാറാക്കര എന്ന പേരിനേക്കാള്‍ ഒരു കാലത്ത് അചിപ്ര എന്ന സ്ഥലപ്പേര് പ്രസിദ്ധമായിരുന്നു.ആനക്കുഴിമാട് മുതല്‍ കോട്ടക്കല്‍ പഞ്ചായത്ത് അതിര്‍ത്തിയിലുള്ള നെച്ചിവരമ്പ് വരെയുള്ള ഭൂപ്രദേശത്തെയാണ് ഈ പേരുകൊണ്ട് സൂചിപ്പിക്കുന്നത്.അച്ചിപ്രയിലെ പടിഞ്ഞാറെകരയായിരിന്നു മായര്‍കര.മായര്‍കര ലോപിച്ചാണ് മാറാക്കര രൂപപ്പെട്ടത്.മാറാക്കര വില്ലേജിലെ ചെറുപറമ്പ് വാര്‍ഡ് ഉള്‍കൊള്ളുന്ന കരയുടെ പുരാതന നാമമാണ് മായര്‍കര. മായന്‍(മായര്‍) എന്നാല്‍ വിഷ്ണു എന്നര്‍ത്ഥമുണ്ട്.വിഷ്ണുക്ഷേത്രമുള്ള കര മാറാകരയായി മാറിയതായിരിക്കാം.അച്ചിപ്രയില്‍ മേലെയുള്ള കര മേല്‍മുറിയും കീഴെയുള്ള കര കീഴ്മുറിയുമായിരുന്നു.ഈ പഞ്ചായത്തിലെ മേല്‍മുറി വില്ലേജിലാണ് പ്രസിദ്ധമായ ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രം,മേല്‍പത്തൂര്‍ ഭട്ടതരിപ്പാടിന്‍റെ ജന്‍മഗേഹം മാറാക്കര വില്ലേജിനോട് ചേര്‍ന്ന് കിടക്കുന്ന കുറുമ്പത്തൂര്‍ വില്ലേജിലാണ് സ്ഥിതിചെയ്യുന്നത്.മാമാങ്കത്തിന്‍റെ പടനിലമായ തിരുന്നാവായ ഇവിടെ നിന്നും അധികം ദൂരത്തല്ല.മാമാങ്കത്തിന്‍റെ പടഹധ്വനി ഈ ഗ്രാമത്തിലും മാറ്റൊ കൊണ്ടിരിക്കുന്നു. മേല്‍മുറിയിലെ പ്രസിദ്ധമായ വയലായിരിന്നു നുഴലികണ്ടം.മണ്ണാഴമുള്ള ഈ കണ്ടത്തില്‍ ഉഴവുകാരനും കാളകളും ആണ്ടുപോയി എന്ന് പഴമയുടെ ഏയുകളില്‍ കാണുന്നുണ്ട്. ഗ്രാമത്തിന്‍റെ മദ്ധ്യത്തിലൂടെ ഒഴുകുന്ന അരീക്കര തോട് ഒരു കാലത്ത് പുഴയായിരുന്നു എന്ന് വിശ്വസിക്കുന്ന കാരണവന്‍മാരുണ്ട്.തോടിന്‍റെ ഇടത്തേ കരയില്‍ കിണറുകള്‍ കുഴിക്കുമ്പോള്‍ വലിയ മരത്തടികളും മണലും കണ്ടത് ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു. പുഴ ശുഷ്കിച്ച് വഴിമാറി ഒഴുകിയതാകാം എന്നാണ് പഴമക്കാരുടെ അഭിപ്രായം.പഴയ മദിരാശി സംസ്ഥാനത്ത് മലബാര്‍ ജില്ലയില്‍ ഉള്‍പ്പെട്ട പ്രദേശമാണ് മാറാക്കര.
1932-ല്‍ വിഷ്ണു ഭാരതീയന്‍,എ.കെ ഗോപാലന്‍.ടി.എസ് തിരുമുമ്പ്,മൊയ്യാരത്ത് ശങ്കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ക്ഷേത്ര പ്രവേശന ജാഥയുടെ ആവേശം മാറാക്കരയും ഉള്‍കൊണ്ടു.അടിസ്ഥാന വിഭാഗത്തിന് മുമ്പില്‍ ക്ഷേത്രകവാടങ്ങള്‍ തുറക്കപ്പെട്ടു.മാറാക്കരയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് സി.എസ് വാര്യരും,മലയത്ത് വേലായുധന്‍ നായരും,ചാങ്ങലിയോട്ട് അനിയന്‍ നമ്പൂതിരിയും ആയിരിന്നു.അബ്ദു റഹിമാന്‍ സാഹിബ്,ഇ.മൊയ്തു മൗലവി,,കെ.സി കോമുകുട്ടി മൗലവി . എ.കെ ഗോപാലന്‍ തുടങ്ങിയ ദേശീയ നേതാക്കളും സാഹിത്യ നായകനായ മഹാകവി ഒളപ്പമണ്ണ സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്ന വി.ടി ഭട്ടതരിപ്പാട്,ഉര്‍ദ്ദു പണ്ഡിതനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എ.അഹമ്മദ്,മഹാ മാന്ത്രികന്‍ വാഴംകുന്നം,മഹാകവി അക്കിത്തം തുടങ്ങിയവരുടെ പാദസ്പര്‍ശത്താല്‍ മാറാക്കര ധന്യമായിട്ടുണ്ട്.കവിയും
കവിയും മാതൃഭൂമിപത്രാധിപരുമായിരുന്ന കെ.വി രാമകൃഷ്ണന്‍റെ ജന്മം കൊണ്ട് അനുഗ്രഹീതമായതും ഈ ഗ്രാമമാണ്.മദ്രാസ് സര്‍ക്കാറിന്‍റെ സഹായത്തോടെ സി.എം അബ്ദു ശുക്കൂര്‍ മാസ്റ്റര്‍ നടത്തിവന്നിരുന്ന വയോജന വിദ്യാലയം മൊരമ്പന്‍ സ്കൂള്‍ എന്ന പേരില്‍ വര്‍ഷങ്ങളോളം നിലനിന്നിരുന്നു. ഈ സ്ഥാപനം 1956-ഓടെ പ്രവര്‍ത്തന രഹിതമായി.പഞ്ചായത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് മാറാക്കര ബ്രാഞ്ച് ഓഫീസാണ്. പഞ്ചായത്തില്‍ ആദ്യമായി ഫോണ്‍ കണക്ഷന്‍ കിട്ടുന്നത് 1978 ല്‍ മാറാക്കര പോസ്റ്റോഫീസിലേക്കാണ്. 1980 ല്‍ മാറാക്കരയില്‍ വൈദ്യുതിയെത്തി .പ്രസിദ്ധമായ ചില കളരി സംഘങ്ങള്‍ ഇവിടെയുണ്ടായിരുന്നു.പരുന്തുരാക്കം തുടങ്ങിയ മുറകള്‍ അറിയുന്ന അഭ്യാസികള്‍ ഇവിടെയുണ്ടായിരുന്നു.ജോതിഷത്തില്‍ അഗാധ പാപാണ്ഡ്യത്യമുള്ള വ്യക്തിയായിരുന്നു മരുതില്‍ രാമന്‍കുട്ടി പണിക്കര്‍. പന്തീരായിരം ഏറ് എന്ന അപൂര്‍വ്വ ക്ഷേത്രകലയില്‍ വിദഗ്ധനായിരുന്നു പരിയാരത്ത് നാരായണന്‍ നമ്പൂതിരി .പാരമ്പര്യ ചികിത്സരംഗത്തെ പ്രതിഭകളില്‍അഷ്ടവൈദ്യന്‍ വി.പി രാവുണ്ണി വൈദ്യന്‍ ,എരേക്കത്ത് അയ്യപ്പന്‍ വൈദ്യന്‍ ,വാഴയില്‍ കണ്ടപ്പന്‍ വൈദ്യര്‍ .ചന്ത്രത്തില്‍ കേശവന്‍കുട്ടി എന്നവരുടെ നാമം നന്ദിയോടെ സ്മരിക്കപ്പെടുന്നുണ്ട്.ബാലചിക്തസയില്‍ അത്തിപ്പറ്റ തടത്തില്‍ അഹമ്മദ് ഹാജിയും പാമ്പലത്ത് കോമുഹാജിയും മര്‍മ്മ ചികിത്സ രംഗത്ത് തെക്കഞ്ചേരി രാഘവനുണ്ണി നായരും സാമൂഹ്യ പരിഷ്കരണ രംഗത്ത് കെ.പി അഗ്നിശര്‍മ്മന്‍ നമ്പൂതിരിയും അഭിമാനപൂര്‍വ്വും സ്മരിക്കപ്പെടുന്നു.പി.കുട്ടിമാസ്റ്ററുടെ കല്ല്യാണ പാട്ട് ഒരു കാലത്തെ സമ്പന്ന ഗൃഹങ്ങളിലെ കല്യാണത്തിന്‍റെ അവിഭാജ്യ ഘടകമായിരിന്നു.പുരാതന കാലത്ത് നാട്ടുവഴികളും കാളവണ്ടിച്ചാലുകളുമായിരുന്നു ഗതാഗത മാര്‍ഗ്ഗങ്ങള്‍. ഇവയില്‍പലതും ഇപ്പോള്‍ റോഡുകളായി മാറിക്കഴിഞ്ഞിട്ടുണ്ട്.പ്രഥമ പഞ്ചായത്ത് ഭരണ സമിതി നിലവില്‍ വന്നതിന് ശേഷം നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ റോഡ് കല്ലാര്‍മംഗലം രണ്ടത്താണി റോഡ് ആയിരിന്നു.1929 ല്‍ രൂപീകരിക്കപ്പെട്ട വിവിധോദ്ദേശ്യ ഐക്യ നാണയ സംഘമാണ് പഞ്ചായത്തിലെ ആദ്യത്തെ സഹകരണ സ്ഥാപനം.ഉത്സവങ്ങളും നേര്‍ച്ചകളും ഇവിടെ സമ്പന്നമായിരുന്നു.മരുതിലമ്പലത്തിലെ താലപ്പൊലി,കല്ലാര്‍മംഗലത്തെ തേര്‍ പൂജ,മാടമ്പിയാര്‍ക്കാവിലെ വിളക്ക്,പഴമള്ളൂര്‍ നേര്‍ച്ച. കല്ലാര്‍മംഗലത്തെ ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിലെ പൂരം, ആറ്റുപുറംനേര്ച്ച എന്നിവ പ്രസിദ്ധമാണ്.മാടമ്പിയാര്‍ക്കാവിലെ വിളക്കും ഹരിജനങ്ങളുടെ ഉത്സവുമായ പുളിക്കല്‍ മണ്ഡപത്തിലെ ഉത്സവവും ഇന്നും ശോഭയോടെ നില്‍ക്കുന്നു. പഞ്ചായത്തില്‍ വാധ്യാന്‍മനയില്‍ കഥകളിസംഘം നിലവില്‍ ഉണ്ടായിരിന്നു.പകിടകളി ഈ ഗ്രാമത്തിലെ ജനങ്ങളുടെ പ്രധാന വിനോദമായിരിന്നു. പഞ്ചായത്തിലെ പുരാതനമായ മുസ്ലിം പള്ളിയാണ് അച്ചിപ്ര കല്ലാര്‍മംഗലം ജുമാമസ്ജിദ്. ആനുകാലികങ്ങള്‍ അപൂര്‍വ്വമായിരുന്ന കാലത്ത് പഞ്ചായത്തില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഗ്രാമദീപം എന്ന കയ്യെഴുത്ത് മാസിക അപൂര്‍വ്വ ചാരുതയോടെ വര്‍ഷങ്ങളോളം പ്രസിദ്ധീകരിക്കപ്പെട്ടു.1962-63 ല്‍ രൂപം കൊണ്ട മാറാക്കര സ്പോര്‍ട്സ് ക്ലബ് ആന്‍റ് ലൈബ്രറി,ഇതോടൊപ്പം രൂപം കൊണ്ട അച്ചിപ്ര കലാ സമിതി,1968-ല്‍ ചേലക്കുത്ത് കേന്ദ്രമായി രൂപംകൊണ്ട ഫ്രണ്ട്സ് ആര്‍ട്സ് ക്ലബ്,1980ല്‍ ചേലക്കുത്ത് കേന്ദ്രമായി രൂപം കൊണ്ട കവിത ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ് തുടങ്ങിയവ മാറാക്കരയുടെ സംസ്കാരിക പുരോഗതിക്ക് വളരെയേറെ സംഭാവനകള്‍ നല്‍കിയ സ്ഥാപനങ്ങളാണ്.